ബഡ്ജറ്റ് 2026-27
ബഡ്ജറ്റ് 2026-27
വിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും സമീപ പഞ്ചായത്തുകളെക്കാൾ താരതമ്യേന വലുതാണ് നമ്മുടെ പഞ്ചായത്ത്. അതിനൊത്ത വികസന ആവശ്യങ്ങളും വിഭവ സാധ്യതകളും നമുക്ക് മുമ്പിലുണ്ട്. പിലാത്തറ, ഏഴിലോട്, പരിയാരം എന്നീ ഹൈവെ കടന്നു പോകുന്ന ടൌണുകളും മണ്ടൂർ, ശ്രീസ്ഥ, നെരുവമ്പ്രം എന്നീ ഉൾനാടൻ ടൌണുകളും ചെറുതാഴത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്. പിലാത്തറ ബസ്സ്സ്റ്റാന്റും ടൌണും പഞ്ചായത്തിന്റെ ഇടപെടൽ കൊണ്ടും കൂടി വികസിതമായ കേന്ദ്രമാണ്. ചെറിയ ടൌണുകളും അതുമായി ബന്ധപ്പെട്ട തൊഴിലുകളും കൃഷിയും നിർമ്മാണവും ആണ് പ്രധാന സമ്പത്തുൽപ്പാദക സംവിധാനങ്ങൾ. അതിയടം, പെരിയാട്ട്, രാമപുരം, കോക്കാട് തുടങ്ങിയ കാർഷിക കേന്ദ്രങ്ങളും നെൽകൃഷിക്കൊപ്പം തന്നെ മറ്റ് വിവിധ കാർഷിക ഉൽപ്പാദനവും ചെറുതാഴം പഞ്ചായത്തിന്റെ കാർഷിക മേഖലക്ക് മുതൽക്കൂട്ടാണ്. ചെറുകിട വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭക പ്രവർത്തനങ്ങൾക്കൊപ്പം സഹകരണ മേഖലയും ചെറുതാഴത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രധാനപ്പെട്ട സ്വാധീനശക്തിയാണ്. അടിസ്ഥാന സമ്പത്തുൽപാദന മേഖലയായ കാർഷിക മേഖലയുടെ ഉത്തേജനം മറ്റെല്ലാ മേഖലയുടെയും ഉത്തേജനത്തിന് കാരണമാകും എന്ന സാമ്പത്തിക യുക്തി പ്രയോഗത്തിൽ വരുത്തുന്നതിന് കാർഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നൽകുന്ന ബജറ്റു തന്നെയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഇവിടെ അവതരിപ്പിക്കുന്നത്. സേവന മേഖലയും പശ്ചാത്തല മേഖലയും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടിട്ടുണ്ട്.
2025 ഡിസംബർ 26 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത നിലവിലെ ഗ്രാമ പഞ്ചായത്തിന്റെ ആദ്യ വർഷത്തെ ബജറ്റാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്. 2026 ഏപ്രിൽ 1 ന് തുടങ്ങി 2027 മാർച്ച് 31 ന് അവസാനിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന വരവുകളും ചെലവുകളും പരമാവധി യാഥാർത്ഥ്യ ബോധത്തോടെയും വികസനം സാധ്യമാകുന്ന വിധത്തിലും തയ്യാറാക്കുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. തൻവർഷത്തേക്കുള്ള പദ്ധതി രൂപീകരണ നടപടികൾ ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽ ഓരോ മേഖലയിലും ലഭിക്കുന്ന പരമാവധി വിഭവങ്ങൾ വകയിരുത്തി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട് ആയത് ബജറ്റിന്റെ ഭാഗമാക്കിയിരിക്കുന്നു.
പ്രതീക്ഷിക്കുന്ന വരവിനങ്ങളിൽ പ്രധാനപ്പെട്ടത്, സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിക്കുന്ന ഗ്രാന്റുകളാണ്. അവയിൽ വികസന ഫണ്ട് - ജനറൽ, വികസന ഫണ്ട് - എസ് സി എസ് പി, റോഡ് അറ്റകുറ്റപ്പണി ഗ്രാന്റ് , റോഡിതര അറ്റകുറ്റപ്പണി ഗ്രാന്റ്, ജനറൽ പർപ്പസ് ഗ്രാന്റ് എന്നിവയാണ്. സംസ്ഥാന ബജറ്റിലൂടെ ചെറുതാഴം ഗ്രാമ പഞ്ചായത്തിന് അനുവദിക്കുന്ന മേലെ ചേർത്ത ഗ്രാന്റുകൾക്കു പുറമെ പ്രത്യേകമായി അനുവദിക്കുന്ന തുകകളും പ്രതീക്ഷിക്കുന്നു. അവയിൽ കുടുംബശ്രീ മിഷൻ മുഖേന നൽകുന്ന ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള തുക, ലൈഫ് ഭവന പദ്ധതിക്കുള്ള സംസ്ഥാന സർക്കാർ വിഹിതം, എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നുള്ള പ്രൊജക്ട് വിഹിതം, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളായ ദേശീയ വാർദ്ധക്യ കാല പെൻഷൻ, ദേശീയ വിധവ പെൻഷൻ, ഭിന്നശേഷിക്കാരുടെ പെൻഷൻ, അവിവാഹിതകളായ 50 വയസ്സിനു മുകളിൽ പ്രായമായവരുടെ പെൻഷൻ, സ്ത്രീ സുരക്ഷാ പദ്ധതി തുടങ്ങി ഗുണഭോക്താക്കളുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാകുന്ന പദ്ധതികൾക്കുള്ള തുക , സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായം എന്നിവ ഉൾപ്പെടുന്നു.
കേന്ദ്രസർക്കാരിൽ നിന്നും നിന്നും നേരിട്ട് പഞ്ചായത്തിന് ലഭിക്കുന്ന ഗ്രാന്റുകളായ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് , ഹെൽത്ത് ഗ്രാന്റ്, നഗര സഞ്ചയ ഗ്രാന്റ് എന്നിവയും പാർലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന ഫണ്ട്, MGNREGA ക്ക് പകരമായി പ്രഖ്യാപിക്കപ്പെട്ട വിബിജിറാംജി എന്ന് ചുരുക്കി വിളിക്കുന്ന വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ ഗ്രാമീൺ എന്ന പദ്ധതിയിൽ പ്രതീക്ഷിക്കുന്ന തുക , സ്വച്ഛ് ഭാരത് മിഷൻ വിഹിതം, അംഗൻവാടി പോഷകാഹാരം കേന്ദ്ര വിഹിതം എന്നിവയും 2026-27 വർഷത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നു.
സംയുക്ത പ്രൊജക്ടുകൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പ്രതീക്ഷിക്കുന്ന വിഹിതങ്ങളും ബജറ്റിൽ വരവിനങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ പ്രൊജക്ടുകൾക്ക് ഗുണഭോക്താക്കളിൽ നിന്നും ഈടാക്കുന്ന ഗുണഭോക്തൃ വിഹിതം മറ്റൊരു വരവിനമായി ഉൾപ്പെടുത്തിയിരിക്കുന്നു.
മേലെ ചേർത്ത വരവിനങ്ങൾക്കു പുറമെയുള്ളതാണ് പഞ്ചായത്തിന്റെ തനതു ഫണ്ട്. തനതു ഫണ്ട് രണ്ട് തരത്തിലുള്ളവയാണ്. നകുതി വരവുകളും നികുതിയേതര വരവുകളും. നികുതി വരവുകളിൽ വസ്തു നികുതി, തൊഴിൽ നികുതി, വിനോദ നികുതി എന്നിവ ഉൾപ്പെടുന്നു. മറ്റെല്ലാ തനതു ഫണ്ട് വരവിനങ്ങളും നികുതിയേതര വരവിനങ്ങളിൽ പെടുന്നു. അതിൽ പ്രധാനപ്പെട്ടവ കെട്ടിട നിർമ്മാണ അനുമതി ഫീസ്, കച്ചവട ലൈസൻസ് ഫീസ്, മാർക്കറ്റ് വരവ്, ബസ്സ് സ്റ്റാന്റ് വരവ്, ഷോപ്പിംഗ് കോംപ്ലക്സ് വാടക , എന്നിവയാണ്.
ബജറ്റ് വർഷത്തിൽ പിലാത്തറ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് നബാർഡിന്റെ വായ്പ പ്രതീക്ഷിക്കുന്നതിനാൽ വരവായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച സാഹചര്യത്തിൽ അനുബന്ധം 4 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തിയതിൽ ചെറുതാഴം ഗ്രാമ പഞ്ചായത്തിന് അനുവദിച്ച തുക അങ്ങനെതന്നെ ഈ ബജറ്റിന്റെ ഭാഗമാക്കിയിരിക്കുന്നു.
പൊതുവായ സാമ്പത്തിക വളർച്ചയുടെ ഭാഗമായി തനതു ഫണ്ട് വരവിനങ്ങളിൽ 2025-26 വർഷത്തെ റിവൈസ്ഡ് ബജറ്റിൽ വരാവായി രേഖപ്പെടുത്തിയ തുകയിൽ 10 ശതമാനത്തിന്റെ വർദ്ധനവ് കാണിച്ച് ബജറ്റിന്റെ ഭാഗമാക്കിയിരിക്കുന്നു.