ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡണ്ട് ശ്രീ.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ആയിരുന്നു. അന്നത്തെ ജനസംഖ്യ 18,000 ആയിരുന്നു. 1951 ഏപ്രില്‍ 1ന് ഒന്നാം ക്ലാസ് പഞ്ചായത്തായി ഉയര്‍ത്തപ്പെട്ടു. പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ 1953 ജൂണ്‍ 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 15 അംഗഭരണസമിതി നിലവില്‍ വന്നു. അന്ന് പ്രസിഡണ്ടിനെ നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രഗത്ഭരായ നാട്ടു വൈദ്യന്മാരും അടങ്ങുന്ന ഭരണസമിതിയായിരുന്നു അന്ന്. ആ ഭരണസമിതിയില്‍ ശ്രീ.ടി.വി.നാരായണന്‍ നായര്‍ പ്രസിഡണ്ടും ശ്രീ.പി.തമ്പാന്‍ വൈദ്യര്‍ വൈസ് പ്രസിഡണ്ടും ആയിരുന്നു. 
ഭരണസമിതി അധികാരത്തില്‍ വരുന്നതിനു മുമ്പായി ഗവണ്‍മെന്‍റ് ഏകപക്ഷീയമായി എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചു. പുതിയ ഭരണസമിതി ഈ തീരുമാനത്തെ ശക്തിയായി അപലപിച്ചു. 
പഞ്ചായത്തിന്‍റെ ആസ്ഥാനം ആദ്യം ഏഴിലോടും പിന്നീട് മണ്ടൂരിലുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അന്നത്തെ വാര്‍ഷിക വരുമാനം 12,000 ക. ആയിരുന്നു. പുതിയ ഭരണ സമിതി ഏറ്റെടുത്ത ആദ്യത്തെ പ്രവര്‍ത്തി പൊതുജനങ്ങള്‍ക്ക് ഗതാഗത സൗകര്യത്തിനായി റോഡുകളും ഇടവഴികളും നിര്‍മ്മിക്കുകയെന്നതായിരുന്നു. രണ്ട് റോഡുകളും 15 ഇടവഴികളും നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്ലേറ്റും പെന്‍സിലും വാങ്ങുവാന്‍ 14 സ്കൂളുകള്‍ക്ക് 20 ക. പ്രകാരം അന്ന് അനുവദിക്കുകയുണ്ടായി. വായനശാലകള്‍ക്ക് പത്രങ്ങളും പെട്രോള്‍മാക്സുകളും തെരുവോരങ്ങളില്‍ തെരുവു വിളക്കുകളും അനുവദിക്കുകയുണ്ടായി.
റൂറല്‍ ഡിസ്പെന്‍സറികളും വിഷചികിത്സാകേന്ദ്രവും പ്രസവ രക്ഷകേന്ദ്രവും സ്ഥാപിക്കുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയങ്ങള്‍ പാസാക്കി. മദിരാശി ഗവണ്‍മെന്‍റ് മധുരയില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രതിനിധികളുടെ യോഗത്തില്‍ ചെറുതാഴത്തെ പ്രതിനിധീകരിച്ചുകൊണ്ട് അന്നത്തെ വൈസ് പ്രസിഡണ്ട് ശ്രീ.തമ്പാന്‍ വൈദ്യര്‍ പങ്കെടുക്കുകയുണ്ടായി. 1954-ല്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മണ്ടൂരില്‍ ഒരു മൃഗാശുപത്രി സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പിന്നീട് അത് തുടര്‍ന്നുപോവുകയുണ്ടായില്ല. 
മദിരാശി അസംബ്ലി സ്പീക്കര്‍ ശ്രീ.ശിവഷണ്‍മുഖപിള്ള 1954 സെപ്തംബര്‍ 13ന് ചെറുതാഴം പഞ്ചായത്ത് സന്ദര്‍ശിച്ചപ്പോള്‍ പഞ്ചായത്തിന്‍റെ വക മംഗളപത്രം നല്‍കുകയുണ്ടായി. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി 1954 ഒക്ടോബര്‍ 30ന് ചെറുതാഴം പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കുകയുണ്ടായി. ഇന്ന് യാഥാര്‍ത്ഥ്യമായിമാറിയ പയ്യന്നൂര്‍ താലൂക്കിനു വേണ്ടിയുള്ള ആവശ്യം മുന്‍നിര്‍ത്തി അന്നത്തെ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കുകയുണ്ടായി.
പഞ്ചായത്ത് കോടതിയായും പ്രവര്‍ത്തിച്ചിരുന്ന ഒരു കാലമായിരുന്നു അന്ന്. ആദ്യം എല്ലാ ശനിയാഴ്ചയും പിന്നീട് ബുധനാഴ്ചയും പഞ്ചായത്ത് കോടതി കൂടാറുണ്ടായിരുന്നു. ചെറിയ സിവില്‍, ക്രിമിനല്‍ കേസുകള്‍ ഈ കോടതിയില്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്നു. 
3-7-1957ന് മണ്ടൂര്‍ ചുമടുതാങ്ങിയില്‍ ഇന്ന് നിലവിലുള്ള സ്വന്തം കെട്ടിടത്തില്‍ പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഭരണപരമായ സൗകര്യത്തിന് 1962 ഏപ്രില്‍ മാസം ഒന്നാം തീയ്യതി കുഞ്ഞിമംഗലം റവന്യൂ വില്ലേജ് നമ്മുടെ പഞ്ചായത്തില്‍ നിന്നും വേര്‍പെടുത്തി പുതിയൊരു പഞ്ചായത്തായി രൂപം കൊണ്ടു. തുടര്‍ന്ന് 1963ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.പി.ഈശ്വരന്‍ നമ്പൂതിരി പ്രസിഡണ്ടായിക്കൊണ്ടുള്ള ഭരണസമിതി നിലവില്‍ വരികയും ഒരു വര്‍ഷം കഴിഞ്ഞ ശേഷം ശ്രീ.ഈശ്വരന്‍ നമ്പൂതിരി രാജിവെച്ചതിനെ തുടര്‍ന്ന് അന്നത്ത ഭരണസമിതിയുടെ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ.പയ്യരട്ട രാമന്‍ പുതയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ ഭരണസമിതി 16 വര്‍ഷം തുടരുകയുണ്ടായി.
1979ല്‍ ശ്രീ.ഇ.നാരായണന്‍ നമ്പ്യാര്‍ പ്രസിഡണ്ടായി ഭരണസമിതി നിലവില്‍ വന്നു പ്രസ്തുത ഭരണസമിതി 1984 വരെ തുടര്‍ന്നു. കാലാവധിക്കു ശേഷം ഭരണസമിതിയെ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പ് നടത്തിയില്ല. പകരം ഭരണപരമായ കാര്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തിയില്ല. പകരം ഭരണപരമായ കാര്യങ്ങള്‍ക്ക് ഗവ:സ്പെഷ്യല്‍ ഓഫീസറായി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുകയായിരുന്നു. 1988ല്‍ രൂപീകരിച്ച ഭരണസമിതിയുടെ പ്രസിഡണ്ട് ശ്രീ.ഇ.നാരായണന്‍ നമ്പ്യാര്‍ ആയിരുന്നു. 
73-ാം ഭരണഘടന ഭേദഗതിയോടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് നിയമത്തിന്‍റെ വെളിച്ചത്തില്‍ 1995ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.പി.വി.അപ്പുകുട്ടി പ്രസിഡണ്ടും ശ്രീമതി.എം.സരോജിനി വൈസ് പ്രസിഡണ്ടുമായുള്ള ഭരണസമിതി അധികാരമേറ്റു. പരിമിതമാണെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ നിന്നും കിട്ടുന്ന സഹായത്തോടെ ഒട്ടെറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നമ്മുടെ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഇതില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് പിലാത്തറ ബസ്സ്റ്റാന്‍റും ഷോപ്പിംഗ് കോംപ്ലക്സും. നിരവധി റോഡുകള്‍ നിര്‍മ്മിക്കുന്നതിനും പരിഷ്കരിക്കുന്നതിനും  ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്. 
2000-2005 വരെ ശ്രീമതി.എം.വി.ശകുന്തളയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അധികാരത്തിലിരുന്നത്. 1996ല്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ശക്തമായ തുടര്‍ച്ചയുണ്ടാക്കാനും നിരവധി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനും ഇക്കാലത്ത് സാധിച്ചു. 2005 മുതല്‍ 2010 വരെയും 2010 മുതല്‍ 2015 വരെയും ശ്രീ.സി.എം.വേണുഗോപാലന്‍ പ്രസിഡണ്ടുമായുള്ള ഭരണസമിതികളാണുണ്ടായിരുന്നത്. വികസന മേഖലയില്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ സൂക്ഷ്മവും ശക്തവുമായ ഇടപെടലുകള്‍ ഇക്കാലയളവില്‍ നടന്നു. കണ്ണൂര്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയെടുത്തിട്ടുണ്ട്. 
2015 മുതല്‍ 2020 വരെയുള്ള ഭരണസമിതിയില്‍ ശ്രീമതി.പി.പ്രഭാവതി പ്രസിഡണ്ടും ശ്രീ.പി.കുഞ്ഞിക്കണ്ണന്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. ഈ ഭരണസമിതിയുടെ കാലത്താണ് നവകേരള മിഷന്‍ അടിസ്ഥാനമാക്കി വിവിധ മിഷനുകള്‍ മുഖേന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പഞ്ചായത്തിന്‍റെ സമഗ്രവികസനം ലക്ഷ്യത്തിലെത്തിക്കാനും സാധിച്ചത്.
2020 മുതല്‍ 2025 വരെയുള്ള ഭരണസമിതിയില്‍ ശ്രീ.എം.വി.ശ്രീധരന്‍ പ്രസിഡണ്ടും ശ്രീ.പി.പി.രോഹിണി വൈസ് പ്രസിഡണ്ടുമായിരുന്നു. ഈ ഭരണ സമിതിയുടെ കാലഘട്ടത്തില്‍ ഏകദേശം 190 ഓളം പേര്‍ക്ക് ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്കരണത്തിന് ഏകദേശ 7500 ഓളം റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ട്. ദ്രവമാലിന്യ സംസ്കരണത്തിനായി മത്സ്യമാര്‍ക്കറ്റില്‍ സംസ്കരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ശ്രീസ്ഥ സബ്ബ്സെന്‍ററിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. പിലാത്തറ എഫ്.എച്ച്.സി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പശ്ചാത്തല മേഖലയിലും കാര്‍ഷിക മേഖലയിലും മികച്ച പുരോഗതി കൈവരിക്കുന്നതിന് ഈ കാലഘട്ടത്തില്‍ സാധിച്ചിട്ടുണ്ട്. 
2025 ഡിസംബര്‍ 21ന് അധികാരത്തില്‍ വന്ന പുതിയ ഭരണസമിതിയുടെ പ്രസിഡണ്ട് ശ്രീ.സനൂപ് മോഹനനും വൈസ് പ്രസിഡണ്ട് ശ്രീമതി.സി.രത്നവല്ലിയുമാണ്. മുന്‍ ഭരണ സമിതി തുടങ്ങി വച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും ജനോപകാരപ്രദമായ രീതിയിലും തുടര്‍ന്നും നടപ്പിലാക്കുന്നതിന് സാധിക്കുമെന്ന പ്രതീക്ഷയോടെ 2026-27 വര്‍ഷത്തെ തല്സ്ഥിതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നു.